ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ബ്രിട്ടീഷ് ഇന്ത്യയില്‍ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു കോഴിക്കോട് പ്രദേശം ഉള്‍പ്പെടെയുള്ള മലബാര്‍ ജില്ല. മലബാര്‍ ജില്ലയിലെ കോഴിക്കോട് താലൂക്കില്‍ പെട്ട സ്ഥലമായിരുന്നു മാവൂര്‍ പഞ്ചായത്ത്. ബ്രിട്ടീഷ് ഭരണത്തിനു മുമ്പ് സാമൂതിരിയുടെ ഭരണത്തിന്‍ കീഴിലായിരുന്നു ഈ പ്രദേശം.
ഇന്നത്തെ മാവൂര്‍ പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ കണ്ണിപ്പറമ്പ്ദേശവും പാലങ്ങാട് ദേശവും ഉള്‍പ്പെട്ട ഭൂവിഭാഗം കണ്ണിപറമ്പ് പഞ്ചായത്തും ചെറുപുഴക്ക് പടിഞ്ഞാറുള്ള പ്രദേശങ്ങളായ ചെറുപ്പ, മണക്കാട് പ്രദേശങ്ങള്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ കീഴിലും ബാക്കിപ്രദേശങ്ങള്‍ ഉള്‍പ്പെട്ട ഭാഗം മാവൂര്‍ പഞ്ചായത്തുമായാണ് നിലനിന്നിരുന്നത്.ഇന്ന് മാവൂര്‍ അങ്ങാടിനില്‍കുന്ന പ്രദേശം പണ്ട് പുല്‍പറമ്പ് എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. മാവുകള്‍ കൂട്ടമായി തഴച്ചുവളരുന്ന പ്രദേശമായതിനാലാകണം ഈ പ്രദേശത്തിന് മാവൂര്‍ എന്ന പേര് ലഭിച്ചത്. ഇതിന്റെ ദൃഷ്ടാന്തമായി ഇപ്പോഴും മാവൂര്‍ അങ്ങാടിക്കു സമീപവും പള്ളിയോള്‍, കണ്ണിപറമ്പ് ഭാഗങ്ങളിലും മാവൂര്‍ എന്ന പേരിന്റെ ചരിത്രസ്മാരകമായി പടുകൂറ്റന്‍ മാവുകള്‍ തഴച്ചുവളര്‍ന്നു നില്‍ക്കുന്നതു കാണാം.ഈ പഞ്ചായത്തിലെ പ്രധാന പ്രദേങ്ങളിലെല്ലാം തന്നെ വലിയ നായര്‍-നമ്പൂതിരി-മുസ്ളീം കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. ചെറുപ്പ പ്രദേശത്ത് സ്ഥിരമായി അധികാരിയായിരുന്നത് പേരൂര്‍ ഇല്ലത്തെ നമ്പൂതിരിമാരായിരുന്നു.ഈ പ്രദേശം കണ്ണൂര്‍ ജില്ലയിലെ പ്രമുഖ ജന്മികുടുംബമായ ചെപ്പങ്ങോട്ട് ഇല്ലം, സാമൂതിരി രാജവംശത്തിലെ താവഴിയായ കിഴക്കെ കോവിലകം എന്നിവരുടെ ജന്മിത്തത്തിലായിരുന്നു എന്ന് രേഖകളില്‍ കാണുന്നു.കണ്ണിപറമ്പ് ഭാഗത്ത് പേരൂര്‍, കാര്യാട്ട് കുടുംബങ്ങളായിരുന്നു പ്രധാനികള്‍. മാവൂരിന്റെ ചുറ്റുപാടുമുള്ള പ്രദേശങ്ങളെ കൂട്ടിയോജിപ്പിക്കുന്ന ഒരു കണ്ണിയായി നിലനിന്നിരുന്ന ഭൂപ്രദേശത്തെ കണ്ണിപറമ്പ് എന്ന പേര്‍ വിളിക്കാനിടയായി എന്ന് മലബാര്‍ മാന്വുവല്‍ എന്ന ചരിത്ര ഗ്രന്ഥത്തില്‍ കാണുന്നു. മാത്രമല്ല പുരാണ കഥാപാത്രങ്ങളിലെ മഹര്‍ഷിവര്യനായിരുന്ന കണ്വമഹര്‍ഷി ഈ പ്രദേശങ്ങളിലെവിടെയോ മോക്ഷപ്രാപ്തിക്കുവേണ്ടി തപസ്സനുഷ്ഠിച്ചു എന്ന് വിശ്വസിക്കുന്നു. ഈ മഹര്‍ഷിയുടെ പേരിനോടുസാദൃശ്യപ്പെടുത്തി ഈ പ്രദേശത്തിന് കണ്ണിപറമ്പ് എന്ന പേര്‍ ലഭിച്ചു എന്നും പഴമക്കാര്‍ വിശ്വസിക്കുന്നു. മാവൂര്‍-കണ്ണിപറമ്പ് അംശം ദേശത്തില്‍ എടലകുളത്ത് പറമ്പത്ത്, പാലക്കോള്‍, പാലങ്ങാട്, വീട്ടിക്കാട്ട് എന്നീ നമ്പൂതിരി ഇല്ലങ്ങളുടെ ഊരാളന്‍ വകയാണ് കല്‍ച്ചിറ ശ്രീനരസിംഹ മൂര്‍ത്തി ക്ഷേത്രം. നല്ലുവീട്ടില്‍ കുടുംബത്തിന്റെ വകയായി മാവൂര്‍ കമ്പനി സ്ഥിതി ചെയ്തിരുന്ന സ്ഥലത്തായി ഒരു അമ്പലവും, കളരിയും ഉണ്ടായിരുന്നു. ഇത് 1965-70 കാലഘട്ടത്തില്‍ കണിയാത്ത് എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു.അക്കാലത്ത് ഈ പ്രദേശത്തെ പ്രധാനപ്പെട്ട മുസ്ളീം തറവാട്ടുകാരായിരുന്നു പറമ്പന്‍മാര്‍. മാവൂരിലെ ആദ്യത്തെ മുസ്ളീം ആരാധനാകേന്ദ്രമായിരുന്നു പാറമ്മല്‍ പ്രദേശത്ത് ഇപ്പോഴും സ്ഥിതി ചെയ്യുന്ന കുന്ദമംഗലം പള്ളി. മതസൌഹാര്‍ദ്ദത്തിന്റെ പ്രതീകമായി കിഴക്കന്‍ കരകാവില്‍ താലപ്പൊലിക്ക് വെടിപൊട്ടിക്കാനുള്ള അവകാശം ഗുരുക്കന്മാരുടെ പ്രതീകമായി കിഴക്കെ തൊടിക മുസ്ളീം തറവാട്ടുകാര്‍ക്കായിരുന്നു. ഈ പഞ്ചായത്തിന്റെ വടക്കുഭാഗത്തുള്ള മുഴുവന്‍ പ്രദേശങ്ങളും നടുവിലേത്ത് ഇല്ലം, മഞ്ഞക്കോട്ട് തറവാട്ടുകാര്‍ എന്നിവരുടെ അധീനതയിലായിരുന്നു. സാമൂതിരിരാജാവിന്റെ പടനായകന്‍മാരായിരുന്നു ഇവര്‍ . ഈ കുടുംബത്തില്‍പ്പെട്ടവരെ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ തലകാപ്പു നായര്‍ , മൂത്ത നായര്‍ , ഇളയ നായര്‍ ഏറ്റവും പ്രായം കുറഞ്ഞ ആളെ ഉണ്ണിപണിക്കര്‍ എന്നും വിളിച്ചിരുന്നു. പഞ്ചായത്തിലെ പല പ്രദേശങ്ങളിലും ജാതീയമായ ഉച്ചനീചത്വങ്ങള്‍ അക്കാലത്ത് നടപ്പിലുണ്ടായിരുന്നു, കോലുകുത്തിയും, ശീലകെട്ടിയും മറ്റും ആയിരുന്നു അക്കാലത്ത് നികുതി ബാക്കി ഈടാക്കിയിരുന്നത്.