മഞ്ഞപ്പിത്തം: ജാഗ്രത വേണമെന്ന് മാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

May 11, 2026

മഞ്ഞപ്പിത്തം പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുനീറത്ത് ടീച്ചർ അറിയിച്ചു. രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി ആരോഗ്യവകുപ്പുമായി ചേർന്ന് പഞ്ചായത്ത് കർശനമായ പ്രതിരോധ നടപടികൾ സ്വീകരിച്ചു വരികയാണ്. വിവാഹങ്ങൾ, മറ്റ് സാമൂഹിക ഒത്തുചേരലുകൾ എന്നിവടങ്ങളിൽ വിതരണം ചെയ്യുന്ന കുടിവെള്ളം ശുദ്ധമാണെന്നും തിളപ്പിച്ചതാണെന്നും സംഘാടകർ ഉറപ്പുവരുത്തണം. ഇത്തരം ചടങ്ങുകളിൽ ഉപയോഗിക്കുന്ന ഐസ്, ശീതളപാനീയങ്ങൾ എന്നിവയുടെ ഗുണനിലവാരവും പരിശോധിക്കണം. പുറത്തുനിന്നുള്ള ആഹാരവും പാനീയങ്ങളും കഴിക്കുമ്പോൾ പ്രത്യേക ശ്രദ്ധ പുലർത്തണം. വ്യക്തിശുചിത്വം പാലിക്കുന്നതിനൊപ്പം ഭക്ഷണത്തിന് മുമ്പും മലവിസർജ്ജനത്തിന് ശേഷവും കൈകൾ സോപ്പിട്ട് കഴുകുന്നത് ശീലമാക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.

രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട പ്രദേശങ്ങളില്‍ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും നേരിട്ട് സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. പ്രദേശത്തെ കിണറുകളും മറ്റ് പൊതു ജലസ്രോതസ്സുകളും സൂപ്പർ ക്ലോറിനേഷൻ നടത്തുന്നതിനുള്ള നടപടികൾ പൂർത്തിയായി വരികയാണ്. ആരോഗ്യപ്രവർത്തകരുടെ ഗൃഹസന്ദർശനം നടത്തിയും ബോധവൽക്കരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്.പനി, കടുത്ത ക്ഷീണം, കണ്ണിലെ മഞ്ഞനിറം, മൂത്രത്തിന് നിറവ്യത്യാസം, വിശപ്പില്ലായ്മ തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഒട്ടും വൈകാതെ ആശുപത്രിയില്‍ ചികിത്സ തേടണം. സ്വയം ചികിത്സ അപകടകരമാണെന്നും ആരോഗ്യപ്രവർത്തകർ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

✳️✳️✳️✳️✳️✳️✳️✳️✳️✳️
👇👇Follow Us On. 👇👇
Web: https://mavoorpanchayat.lsgkerala.gov.in
WhatsApp https://chat.whatsapp.com/BQ8ngikC3Kl0nEihcGdkpm
Facebook https://www.facebook.com/MavoorGramaPanchayath